മഡ്രിഡ്: ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് റയൽ മഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. സ്പാനിഷ് മാധ്യമമായ ‘ഡയറിയോ എഎസി’ന് നൽകിയ അഭിമുഖത്തിലാണ് പുരസ്കാര സാധ്യതകളെക്കുറിച്ച് എംബാപ്പെ മനസ്സ് തുറന്നത്. പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് താരത്തിന്റെ വാക്കുകൾ പങ്കുവെച്ചത്.
“എന്റെ അഭിപ്രായത്തിൽ ബാലൺ ഡി ഓർ നേടാൻ ഏറ്റവും അനുയോജ്യമായ വർഷമാണിത്. ഞാൻ പറയുന്ന വാക്കുകളേക്കാൾ എന്റെ കാലുകളാണ് അതിന് ഏറ്റവും മികച്ച സാക്ഷ്യം. ഈ പുരസ്കാരം സ്വന്തമാക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു,” എംബാപ്പെ വ്യക്തമാക്കി.
ബാലൺ ഡി ഓർ റയൽ മഡ്രിഡിലേക്ക്, സാന്റിയാഗോ ബെർണബ്യൂവിലേക്ക് തിരികെ എത്തിക്കാൻ താൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. “ആരാധകർക്കായി, അവർക്ക് ആവേശവും സന്തോഷവും പകരാൻ സുവർണ പന്ത് ബെർണബ്യൂവിലേക്ക് മടങ്ങിയെത്തേണ്ടതുണ്ട്. മറ്റാരേക്കാളും റയൽ മഡ്രിഡ് ആരാധകർ ഇത് അർഹിക്കുന്നു,” താരം പറഞ്ഞു. ബാലൺ ഡി ഓർ വോട്ടിംഗ് അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനിടെ എംബാപ്പെയുടെ വാക്കുകൾ ഫുട്ബോൾ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
Content Highlights:
Kylian Mbappe stated that this is his best year to win the Ballon d’Or. He expressed his strong desire to bring the golden ball back to the Santiago Bernabeu for the fans. Fabrizio Romano shared his interview highlights from Diario AS.






