ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ (കരബാവോ കപ്പ്) ആറുഗോളുകൾ പിറന്ന ആവേശപ്പോരാട്ടത്തിൽ ഇപ്‌സ്‌വിച്ച് ടൗണിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ആഴ്‌സണൽ നാലാം റൗണ്ടിലേക്ക് മുന്നേറി. ഇപ്‌സ്‌വിച്ചിന്റെ തട്ടകമായ പോർട്ട്മാൻ റോഡിൽ നടന്ന മത്സരത്തിൽ ഇരട്ടഗോളുമായി തിളങ്ങിയ പതിനാറുകാരൻ മാക്സ് ഡൗമാനാണ് ഗണ്ണേഴ്‌സിന്റെ വിജയശിൽപ്പി. മാക്സ് ഡൗമാന് (7′, 47′) പുറമെ നോനി മാദുയെകെ (16′), മൈകെൽ മെറിനോ (58′) എന്നിവരും ആഴ്‌സണലിനായി വലകുലുക്കി. ഇപ്‌സ്‌വിച്ച് ടൗണിനായി അനീസ് മെഹ്‌മെതി (62′), ആഴ്‌സണലിന്റെ മുൻ താരം ചുബ അക്‌പോം (90+1′) എന്നിവർ ആശ്വാസ ഗോളുകൾ നേടി.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ മനോഹരമായ സോളോ റണ്ണിലൂടെ മാക്സ് ഡൗമാനാണ് ആഴ്‌സണലിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് പതിനാറാം മിനിറ്റിൽ മെറിനോ നൽകിയ പന്ത് കൃത്യമായി വലയിലെത്തിച്ച് നോനി മാദുയെകെ ലീഡ് രണ്ടാക്കി ഉയർത്തി.
രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ (47′) മാർട്ടിൻ സുബിമെൻഡിയുടെ പാസിൽ നിന്ന് ഡൗമാൻ തന്റെ രണ്ടാം ഗോളും കുറിച്ചു. തുടർന്ന് 58-ാം മിനിറ്റിൽ ബ്രൂണോ ഗുമറേസിന്റെ നീക്കത്തിൽ നിന്ന് മൈകെൽ മെറിനോ ബോക്സിന് പുറത്തുനിന്ന് ഉതിർത്ത തകർപ്പൻ ഷോട്ട് വലയിൽ തുളച്ചുകയറിയതോടെ ആഴ്‌സണൽ 4-0 ന് വ്യക്തമായ ആധിപത്യം നേടി.
നാല് ഗോളിന് പിന്നിലായ ശേഷവും പൊരുതിക്കളിച്ച ഇപ്‌സ്‌വിച്ച് 62-ാം മിനിറ്റിൽ അനീസ് മെഹ്‌മെതിയിലൂടെ ആദ്യ ഗോൾ മടക്കി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ ഇഞ്ചുറി ടൈമിൽ (90+1′) ചുബ അക്‌പോം ഇപ്‌സ്‌വിച്ചിനായി രണ്ടാം ഗോളും കണ്ടെത്തിയെങ്കിലും ആഴ്‌സണലിന്റെ ആധികാരിക ജയം തടയാനായില്ല.
Content Highlights:
Arsenal defeated Ipswich Town 4-2 in an exciting Carabao Cup encounter away from home. 16-year-old Max Dowman scored a brilliant brace, alongside goals from Madueke and Merino. Despite late goals from Ipswich, the Gunners safely secured their spot in the next round.





